കുടുംബ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം "കഥ തുടരുന്നു" തീയറ്ററുകളിലെത്തി. ലളിതമായ ഒരു കഥ, തന്റെ സ്ഥിരം ശൈലിയിലാണെങ്കിലും, ഹൃദ്യമായ രീതിയില്‍ സത്യന്‍ അന്തിക്കാട് അവതരിപ്പിച്ചിരിക്കുന്നു. വിദ്യാലക്ഷ്മി (മമത മോഹന്‍ദാസ്) എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ ദുരന്തങ്ങളും അവയുണ്ടാക്കുന്ന വഴിത്തിരിവുകളും അമിത നാടകീയതയുടെ കല്ലുകടിയില്ലാതെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതയാത്ര വഴിമുട്ടുന്ന ഒരു സന്ദര്‍ഭത്തില്‍, അവളുടെ മുന്‍പില്‍ പ്രേമന്‍ (ജയറാം) എന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വന്നുപെടുന്നു. പ്രേമന്‍ താമസിക്കുന്ന ചേരിയും ചേരി നിവാസികളും കഥയിലേക്ക് കടന്നു വരുന്നതോടെ വിദ്യാലക്ഷ്മിയുടെ ജീവിതത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍. മറ്റു മലയാള ചിത്രങ്ങളില്‍ നിന്നും വേറിട്ട രീതിയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയാണ് സത്യന്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയുടെ സ്ഥിരം ക്ലൈമാക്സ് സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട ഒരു കഥാന്ത്യമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകന്റെ ചിന്തകളെ ക്ലൈമാക്സിനപ്പുറത്തേക്ക് "കഥ തുടരുന്നു" എന്ന് പറഞ്ഞു കൊണ്ടുപോകുകയാണ് സംവിധായകന്‍.
മാറിവരുന്ന കഥാ സന്ദര്‍ഭങ്ങളില്‍ വിദ്യാലക്ഷ്മിയുടെ ഭാവപ്പകര്‍ച്ചകളെ മിതത്വത്തോടെ അവതരിപ്പിക്കാന്‍ മമത മോഹന്‍ദാസിനു കഴിഞ്ഞു. കഥാപാത്രങ്ങളെകൊണ്ട് ആനുകാലിക സംഭവങ്ങളോട് പ്രതികരിപ്പിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലി ഈ ചിത്രത്തില്‍ കഥയ്ക്ക് യോജിച്ച രീതിയില്‍ തന്നെ ഒട്ടും കൃത്രിമത്തമില്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഈയിടെ പുറത്തിറങ്ങിയ മറ്റു മലയാള ചിത്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു നല്ല ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.
സംവിധാനം: സത്യന്‍ അന്തിക്കാട്. നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവേല്‍. സംഗീതം: ഇളയരാജാ.
0 comments:
Post a Comment