ഇന്റര്‍നെറ്റില്‍ പ്രസിദ്ധം ചെയ്യുന്ന ഫോട്ടോകളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്. ഫോട്ടോ എടുത്ത ആള്‍ക്കോ, അത് ഗൂഗിളില്‍ സെര്‍ച്ച്ചെയ്തു കണ്ടു പിടിക്കുന്നവര്‍ക്കോ. കഴിഞ്ഞ ആഴ്ച ഫോട്ടോഗ്രഫി ക്ലബ് ട്രിവാണ്ട്രും എന്ന ബ്ലോഗില്‍ ചില ചര്‍ച്ചകള്‍ ചൂട് പിടിച്ചു. സായിദ് ഷിയാസ് എന്ന ഒരു ഫ്രീ ലാന്‍സ് ജേര്‍ണലിസ്റ്റ് മലയാളം ഇ- മാഗസിനില്‍ ഒരു സീരിയല്‍ നടിയുടെ ഇന്റര്‍വ്യൂ അദ്ദേഹമെടുപ്പിച്ച ചിത്രങ്ങളോടെ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത ആഴ്ച പുറത്തിറങ്ങിയ കേരള കൌമുദി ആഴച്ചപതിപ്പിന്റെ മുഖ്യ ആകര്‍ഷണം അതെ നടിയുടെ ഇന്റര്‍വ്യൂ , മലയാളം ഇ-മാഗസിന്റെ ഇന്റര്‍വ്യൂ വില്‍ വന്ന അതേ ചിത്രങ്ങളോടെ. ഒരു വ്യത്യാസം മാത്രം, അതിലെ വാട്ടര്‍ മാര്‍ക്ക് വളരെ കഷ്ടപ്പെട്ട് മായ്ച്ചു കളഞ്ഞിരുന്നു. ഇത് കണ്ട ഷിയാസ് കൌമുദി ഓഫീസില്‍ വിളിച്ച് എഡിറ്ററോട് കാര്യം പറയുന്നു, പക്ഷെ എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാനുള്ള സാവകാശം പോലും കാണിക്കാതെ ആ മാന്യന്‍ ഫോണ്‍ അടിച്ചു താഴെ വെക്കുന്നു. കാര്യങ്ങള്‍ ഇവിടം കൊണ്ട് നിന്നില്ല. തൊട്ടടുത്ത നിമിഷത്തില്‍ സൈബര്‍ സെല്‍ അധികാരികള്‍ ഷിയാസിനെ വിളിക്കുന്നു. ഇവിടെ പരാതിക്കാരന്‍ കുറ്റവാളിയാകുന്നു. സത്യം എന്താണെന്നു മനസിലാക്കിയ സൈബര്‍ സെല്‍ അധികാരികള്‍ പിന്‍തിരിയുന്നു.
ഇതിനെതിരെ തിരുവനന്തപുരത്തെ ബ്ലോഗെഴുത്ത്കാര്‍ ഒരുമിച്ചു, കൂടുതല്‍ പേര്‍ കൌമുദിക്കെതിരെ ആരോപണങ്ങളുമായെത്തി. എന്റെയും ഒരു ഫോട്ടോ ഞാനറിയാതെ കൌമുദി പ്രസിദ്ധീകരിച്ചിരുന്നു, അതും പറഞ്ഞ് ഞാനും കൂട്ട്ചേര്‍ന്നു...!!
ഇതില്‍ ചിന്തിക്കേണ്ട ഒരു ചെറിയ വിഷയമുണ്ട്. എഡിറ്റോറിയല്‍ റൂമിലോതുങ്ങുന്ന പത്രപ്രവര്‍ത്തനത്തെക്കുറിച്ച്..! ഇന്റര്‍നെറ്റ് സൌകര്യമുള്ള ഒരു കമ്പ്യുട്ടറും ഒരു ടെലിവിഷനുമുണ്ടെങ്കില്‍ ആര്‍ക്കും ഇവിടെ ഒരു വാര്‍ത്താ മാധ്യമം നടത്താം. ടിവി നോക്കി വാര്‍ത്തയെഴുതിയിട്ടു ചേരുന്ന ഒരു ചിത്രം ഗൂഗിളില്‍ നിന്നെടുത്തിടാം. ലാപ്ടോപ്പിലേക്കും, എന്തിനു മൊബൈല്‍ ഫോണിലേക്ക് പോലും മാധ്യമ പ്രവര്‍ത്തനത്തെ ഒതുക്കാം. ഇവിടെ നഷ്ടപ്പെടുന്നത് വിശ്വാസ്യതയാണ്. കുറച്ചു കാലം മുന്‍പ് ഡി എന്‍ എ എന്ന ബാന്ഗ്ലൂര്‍ പത്രം വേണു നാഗവള്ളി അന്തരിച്ചു എന്ന വാര്‍ത്തയോടൊപ്പം ജഗതീ ശ്രീകുമാറിന്റെ ചിത്രം കൊടുത്തതും ഇതുകൊണ്ടൊക്കെ തന്നെ. അമേച്ചര്‍ വെബ്സൈറ്റുകളോ ബോഗുകളോ ആണ് ഇത് ചെയ്യുന്നതെങ്കില്‍ പോട്ടെന്നു വെക്കാം പക്ഷെ, സാമ്പത്തിക ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വലിയ പത്രങ്ങള്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ ?. |