.

ദേ "സിനിമ"....

പട്ടം പറത്തുന്ന കുട്ടി
അദ്ധ്യായം 3

ദാമോദരനാശാന്‍റെ ആശാന്‍പള്ളിയിലാണ് ഞങ്ങളൊക്കെ എഴുത്ത് പഠിച്ചത്. പനയോലയില്‍ നാരയമുനകൊണ്ട് ആശാന്‍ അക്ഷരങ്ങളെഴുതിത്തരും. ആശാന്‍ പള്ളിയിലെ തറയില്‍ വെള്ള മണ്ണിലെഴുതിയാണ് അക്ഷരം പഠിക്കുന്നത്. ഒരു ചെറിയ തടുക്കുമായാണ് കുട്ടികള്‍ രാവിലെ ആശാന്‍പള്ളീല്‍ പോന്നത്. അതിലിരുന്നാണ് പഠനം. എനിക്ക് ഞങ്ങടെ വല്യമ്മ തഴ മെടഞ്ഞ് ഒരു ചെറിയ പായുണ്ടാക്കി തന്നിട്ടുണ്ടായിരുന്നു.

കുന്നുവറേല്‍ സ്കൂള്‍ എന്ന് പറയുന്ന SNDP LP സ്കൂളിലാണ് ഞങ്ങളൊക്കെ പഠിച്ചത്. ക്ലാസുമുറികള്‍ കുറവായതുകൊണ്ട് ഒന്നാം ക്ലാസുകാര്‍ക്ക് ഉച്ചവരെയേ ക്ലസുള്ളൂ, ഉച്ചകഴിഞ്ഞാല്‍ രണ്ടാം ക്ലാസ്സുകാര്‍ക്ക്‌ തുടങ്ങും. രണ്ടില്‍ പഠിക്കുമ്പോ ഒരു അലുമിനിയ പെട്ടിയിലാണ് ഞാന്‍ പുസ്തകങ്ങള്‍ കൊണ്ട്പോയിരുന്നത്. ഒരിക്കല്‍ ആശാന്‍റെ കൊച്ചുമോന്‍ അഭിലാഷ് എന്‍റെ പെട്ടിയുടെ മുകളില്‍ കയറിനിന്നു ചാടി, പെട്ടി മുഴുവന്‍ മടങ്ങി ചുളുങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു.

കുന്നുവറേല്‍ സ്കൂളിന്‍റെ ഹെഡ് മാസ്റ്റര്‍ വാസവന്‍ സാറായിരുന്നു, ഒരു കൊമ്പന്‍ മീശക്കാരന്‍ തടിയന്‍. പുള്ളിയെ എല്ലാവര്‍ക്കും പേടിയായിരുന്നു. നാലാം ക്ലാസിലാണ് പുള്ളി പഠിപ്പിക്കുന്നത്‌. ഒരിക്കല്‍ പുള്ളി ഞങ്ങടെ വീട്ടില്‍ ചാണകമെടുക്കാന്‍ ഒരു ഉന്ത് വണ്ടിയുമായി വന്നു. കുട്ടക്കണക്കാണ് ചാണകത്തിന്. ഓരോ കുട്ടച്ചാണകവും വണ്ടിയിലേക്ക് നിറക്കുമ്പോള്‍ എണ്ണം തെറ്റാതിരിക്കാന്‍ അവിടെ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഓലക്കാലില്‍ ഒരു മടക്കുണ്ടാക്കും. ഒരിക്കല്‍ എന്നെക്കൊണ്ടാണ് അതെണ്ണിച്ചത്. എണ്ണം ശരിയായിരുന്നു. എന്നെ അടുത്ത വര്‍ഷം പുള്ളീടെ ക്ലാസിലോട്ടെടുക്കാമെന്നു പറഞ്ഞു. അന്ന് ഞാന്‍ ഒരുപാട് പേടിച്ചു. ഞായറാഴ്ചകളില്‍ ഞങ്ങള്‍ പുള്ളീടെ വീട്ടില്‍ ടി വി യില്‍ സിനിമ കാണാന്‍ പോകും, ഇടക്ക് വാര്‍ത്തവരുമ്പോള്‍ കുട്ടികളെല്ലാം പുറത്തിറങ്ങിപോകും, ഇത് കാണുമ്പോ പുള്ളി വഴക്ക് പറയും. സിനിമ കാണാന്‍ വരുന്നവരെല്ലാം വാര്‍ത്തയും കാണണമെന്ന് പുള്ളിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പഠിപ്പിക്കുന്നതിനിടയില്‍ പുള്ളി ഇടയ്ക്കു ക്ലാസിന്‍റെ വാതില്‍ക്കല്‍ പോയി നില്‍ക്കും, വെയിലടിക്കുംപോ പോളിയെസ്റെര്‍ മുണ്ടിനിടയിലൂടെ പുള്ളീടെ നിക്കര്‍ കാണും. ദേ "സിനിമ" എന്ന് ഞങ്ങള്‍ അടക്കി പറഞ്ഞു ചിരിക്കും.  (തുടരും)
Continue Reading...
Page 1
 

Blogroll

Blog Archive

Visitor Tracking

Text

Followers

മൂകസാക്ഷി Copyright © 2011 Mookasaskshy is Designed by Suryajith for suryajith