കേരളം കണികണ്ടുണരുന്ന നന്‍മ പാല്‍പ്പൊടി കലക്കിയ മില്‍മയാണെങ്കില്‍, നഗരവാസികള്‍ ദുശകുനം പോലെ കാണുന്ന ഒന്നാണ് ചീഞ്ഞളിഞ്ഞ മാലിന്യങ്ങളും പേറി ദുര്‍ഗന്ധം പരത്തി കടന്നു പോകുന്ന കോര്‍പ്പറേഷന്‍ വണ്ടികള്‍. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ മാലിന്യ ശേഖരണം നടത്തുന്നത് കുടംബശ്രീയിലെ വനിതകളാണ്. രാവിലെ 6 മണിമുതല്‍ വീടായ വീടെല്ലാം കേറിയിറങ്ങി മാലിന്യങ്ങള്‍ ശേഖരിച്ച് അവയെ ജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് വസ്തുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കോര്‍പ്പറേഷന്‍ വണ്ടിയില്‍ നിറച്ച് ഇവര്‍ തിരികെ വീടെത്തുമ്പോള്‍ ഉച്ച കഴിയും. ഒരു ദിവസത്തിന്റെ സിംഹഭാഗവും മാലിന്യങ്ങളും ദുര്‍ഗന്ധവും നിറഞ്ഞ ഒരു ലോകത്തായിരിക്കുന്നതില്‍ ഇവര്‍ക്ക് തെല്ലും പരിഭവമില്ല.. അറപ്പും വെറുപ്പുമില്ല. ഇത് തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. ഈ വേനല്‍ചൂടിലും പച്ചനിറമുള്ള സാരിയും പച്ച കോട്ടുമാണ് കോര്‍പ്പറേഷന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന യൂണിഫോറം. ഹര്‍ത്താല്‍ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ഇവര്‍ ജോലി ചെയ്യുന്നു. കുടുംബശ്രീയിലെ വനിതാ തൊഴിലാളികള്‍ക്ക് മാസം 5000 രൂപയോളം ശമ്പളമായി നല്‍കുന്നുണ്ട്. ഈ സ്ത്രീകള്‍ അഭിമാനത്തോടെ പറയുന്നു, ഞങ്ങള്‍ സന്തുഷ്ടരാണ്. മാലിന്യങ്ങളുടെ കൂട്ടുകാരികളായതിനാല്‍ പനിയും മറ്റു സാംക്രമിക രോഗങ്ങളുമൊക്കെ ഇവരെ പിന്തുടരാറുണ്ട്. മാസംതോറും ഇവര്‍ക്കുവേണ്ടി കുടംബശ്രീ മെഡിക്കല്‍ ചെക്ക് അപ്പ് ക്യാമ്പുകള്‍ സങ്കടിപ്പിക്കുന്നു.
ഇത്തരം തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ വനിതാ കമ്മിഷന്‍ നടത്തിയ പഠനത്തില്‍ താരതമ്യേന താണ ജാതികളില്‍ പെട്ട സ്ത്രീകളാണ് മാലിന്യ ശേഖരണം പോലുള്ള ജോലികള്‍ ചെയുന്നത് എന്നാണ് കണ്ടിട്ടുള്ളത്. കാലമെത്ര മാറിയാലും ചാതുര്‍വര്‍ണ്യത്തിന്റെ രൂപ ഭേദങ്ങള്‍ ഇന്നും എവിടൊക്കെയോ നിലനില്‍ക്കുന്നു. ജാതിയുടെ പേരില്‍ വിദ്യാഭ്യാസ/തൊഴില്‍ മേഘലകളില്‍ എത്രയൊക്കെ സംവരണം വന്നിട്ടുണ്ടെങ്കിലും താഴേക്കിടയിലേക്ക് ഇത് എത്രമാത്രം എത്തപ്പെടുന്നു എന്നത് കടലാസ് പഠനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. ജാതീയമായും സാമ്പത്തികമായും താണ നിലയിലുള്ള ജനങ്ങള്‍ക്കിടയിലേക്കു ശരിയായ രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെയും മറ്റു തൊഴില്‍ പരിശീലനങ്ങളുടെയും പ്രചാരണത്തിന്റെ അഭാവമാവാം ഇതിനു കാരണം.
രാവിലെ വീടുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ ചിലരെങ്കിലും ഇവരെ ഒരു ദുശകുനം പോലെ കണ്ടു നെറ്റി ചുളിക്കുന്നുണ്ടാവാം. തങ്ങളുടെ വീടും പരിസരങ്ങളുമൊക്കെ ദുര്‍ഗന്ധ വിമുക്തമാകുന്നത് ഇവര്‍ മൂലമാണെന്നവര്‍ ചിന്തിക്കുന്നീല്ല.
ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും വേര്‍തിരിച്ചു നിക്ഷേപിക്കാന്‍ നഗരസഭ പച്ചയും വെള്ളയും നിറമുള്ള രണ്ടു ബക്കറ്റുകള്‍ വീടുകളില്‍ വിതരണം ചെയ്തിരുന്നു, പക്ഷെ ഈ ബക്കറ്റുകള്‍ കുളിക്കാനുപയോഗിച്ചിട്ടു പോളിത്തീന്‍ ബാഗുകളില്‍ കെട്ടിയാണ് ചീഞ്ഞളിഞ്ഞ ഗാര്‍ഹിക മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളുമൊക്കെ നമ്മള്‍ ഉപേക്ഷിക്കുന്നത്, കാരണം നമ്മള്‍ പ്രബുദ്ധ മലയാളികളാണ്.
വീടുകളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ നമ്മള്‍ തന്നെ വേര്‍തിരിച്ചു നല്‍കിയാല്‍, നമ്മുടെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ന്ധം വമിക്കുന്ന മാലിന്യ കൂമ്പാരങ്ങളില്‍ കൈയിട്ടു പരതി വേര്‍തിരിക്കുന്ന പാവം തൊഴിലാളികള്‍ക്ക് അതൊരു വലിയ സഹായമാവും. നമ്മുടെ സ്വന്തം വീട്ടിലെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തുമ്പോള്‍ ഒരു വലിയ നഗരത്തിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം തൊഴിലാളികളെക്കുറിച്ച് നമുക്കോര്‍ക്കാം. വീടുകളില്‍ രണ്ടു കവറുകള്‍ സൂക്ഷിക്കുക, ഒന്നില്‍ ജൈവ മാലിന്യങ്ങളും മറ്റൊന്നില്‍ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും നിക്ഷേപിക്കാം. നമ്മുടെ ചെറിയ ഒരു ശ്രമത്തിലൂടെ ഇവരുടെ ജോലിയുടെ പ്രയാസം അല്പം കുറയ്ക്കാം, ഒരു ചെറിയ നന്‍മ ചെയ്തെന്ന സംതൃപ്തിയോടെ.