മറുതാത്തീയും ചായക്കടയും
കഥകളുടെ കേദാരമാണ് കരുവാറ്റ. മാടനടിയും മറുതാ തീയും പട്ടാളക്കഥകളും സദ്ദാം ഹുസൈനുമൊക്കെ കരുവാറ്റയുടെ നാട്ടു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. നാട്ടിലെ വല്യമ്മമാരോക്കെ അന്തവിശ്വാസങ്ങളുടെ കൂട്ടുകാരികളായിരുന്നു. മാടന്‍റെ അടിയേറ്റു മരിച്ചവരെപ്പറ്റിയും പാതിരാത്രിയില്‍ അങ്ങകലെ ഓടി മായുന്ന മറുതാ തീയെപ്പറ്റിയുമൊക്കെ അവര്‍ ഒരു പാട് കഥകള്‍ പറഞ്ഞു. ഞങ്ങടെ വീടിന്‍റെ പടിഞ്ഞാറു ഭാഗത്ത് ഒരു കുര്യാലയുണ്ടായിരുന്നു, ഒരു ചെറിയ പാല, അവിടെ ദിവസവും വിളക്ക് കത്തിക്കലും പൂജകളുമൊക്കെ ഉണ്ടായിരുന്നു. കര്‍ക്കിടകവാവിനു വെള്ളംകുടി വെക്കലും കോഴിക്കുരിതിയും ഭജനയുമൊക്കെ അവിടെ പതിവായിരുന്നു. അവിടെ ഇടയ്ക്കു ഒരു പുള്ളുവനും പുള്ളുവത്തിയും പാടാന്‍ വരും. നാട്ടുകാരൊക്കെ പേരും നാളും പറഞ്ഞു നാഗ ദോഷങ്ങള്‍ മാറാന്‍ പുള്ളോന്‍ പാട്ട് നടത്തിക്കും. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ വളരെ വലിയ ഒരു ആല്‍ മരമുണ്ടയിരുന്നത്രേ, തൊട്ടടുത്ത് ഒരു മാവും. അവിടുത്തെ കാരണവര്‍ ഒരിക്കല്‍ ആ മാവ് വെട്ടി, മാവ് വീണവഴിയില്‍ ആല്‍ മരവും ഒടിഞ്ഞു വീണു. ആല്‍മരമൊടിഞ്ഞു വീണപ്പോള്‍ കരുവാറ്റമുഴുവന്‍ കേള്‍ക്കുന്നത്ര ഒച്ചത്തില്‍ ഒരലര്‍ച്ച കേട്ടു. ആ കാരണവര്‍ പിന്നീട് തളര്‍ന്നു വീണു മരിച്ചു. അവരുടെ തറവാട് മുടിഞ്ഞു. പുള്ളീടെ ഒരേ ഒരു മകന്‍ തൂങ്ങി മരിച്ചു, ഒരു മകള്‍ക്ക് ഭ്രാന്ത് പിടിച്ചു, ഞങ്ങളൊക്കെ ഓമന അക്ക എന്നാണു അവരെ വിളിച്ചിരുന്നത്. ഇപ്പോള്‍ അവിടെ അവരുടെ വീടൊന്നുമില്ല. ആ പാലച്ചുവട്ടില്‍ ഇന്നൊരു അമ്പലമുണ്ട്, കരിയില്‍ ദേവീ ക്ഷേത്രം. ഭദ്രകാളിയാണ് പ്രതിഷ്ട. വളരെ ശക്തിയുള്ള ദേവിയാണ്. കുംഭ ഭരണി സമയത്ത് പത്തു ദിവസത്തെ ഉത്സവമൊക്കെയുണ്ട്. കരുവാറ്റക്കാരോക്കെ ആ സമയത്ത് അവിടെ ഒത്തുകൂടും. അമ്പലത്തില്‍ ഒരു സ്ഥിരം വെളിച്ചപ്പാടുണ്ട്, ശിവാനന്ദന്‍. മുറുക്കി ചുവപ്പിച്ചു കാവിയൊക്കെ ഉടുത്തു നടക്കുന്ന പുള്ളിയെ കുട്ടികള്‍ക്കൊ പേടിയായിരുന്നു.
കരുവാറ്റയെ പറ്റി പറയുമ്പോ ഉമാനന്തനണ്ണന്‍റെ ചായക്കടയെപറ്റി പറയണം. പുള്ളീടെ ചൂട് ചായ ഒരു കാലത്ത് കരുവാറ്റയുടെ പുലരികള്‍ക്ക് ഹരമായിരുന്നു. സിനിമകളിലൊക്കെ കാണുന്നപോലെ പുക പറക്കുന്ന സവാമാറും കണ്ണാടി അലമാരയിലെ തൂവെള്ള നിറമുള്ള പുട്ടും കടലക്കറിയും തൂങ്ങിക്കിടക്കുന്ന പഴക്കുലയുമൊക്കെ ഉണ്ടായിരുന്നു. ഒരു പ്രത്യേക താളത്തില്‍ ചായ ഉയര്‍ത്തി അടിച്ചുകൊണ്ട് പുള്ളി കരുവാറ്റക്കാരോട് ഒരുപാട് കഥകള്‍ പറഞ്ഞു. രാഷ്ട്രീയവും, ഉത്സവങ്ങളും, നാടുവിട്ടു പോകുന്ന ചെറുപ്പക്കാരുമൊക്കെ പുള്ളീടെ ചായക്കടക്കഥകളില്‍ നിറഞ്ഞു നിന്നു. കുട്ടനാടന്‍ കായലുകളില്‍ കൊയ്ത്തു തുടങ്ങിക്കഴിഞ്ഞാല്‍ പുള്ളി അങ്ങോട്ട് പോകും. ഒരു വള്ളം നിറയെ സാധനങ്ങളുമായി കായലുകളിലോടെ തുഴഞ്ഞു നീങ്ങും. കൊയ്ത്തു കാലം കഴിഞ്ഞു തിരിച്ചെത്തിയാല്‍, പുതിയ വിശേഷങ്ങളുമായി ചായക്കട വീണ്ടും സജീവമാകും.
ഇന്നും പുള്ളിക്ക് ചായക്കടയുണ്ട് , പക്ഷെ പഴയ പ്രതാപമൊന്നുമില്ല. ഇപ്പൊ ദിവസവും രാവിലെ പുള്ളി പത്തു ചായ അടിക്കും, രണ്ടെണ്ണം പുള്ളി കുടിക്കും, ബാക്കി വില്‍ക്കും, ഒരു മണിക്കൂര്‍ കച്ചവടം കഴിഞ്ഞ് അടുപ്പില്‍ വെള്ളമൊഴിച്ച് പുള്ളി വേറെ പണിക്കു പോകും..
(തുടരും)