.

പട്ടം പറത്തുന്ന കുട്ടി...

അദ്ധ്യായം 1


ഓര്‍മ്മകള്‍

ചെറുപ്പത്തില്‍ എന്‍റെ കുണ്ടിയില്‍ ഒരു സൂചി കേറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ അമ്മ എന്നെ ഇന്‍ജക്ഷന്‍ എടുപ്പിക്കാന്‍ നാട്ടിലെ ഒരു ഹെല്‍ത്ത്‌ സെന്‍റെറില്‍ കൊണ്ടുപോയി. മസില് പിടിച്ചു കരയുന്നതിനിടയില്‍ എങ്ങനെയോ കുത്തിവെച്ചിരുന്ന സൂചിയുടെ അറ്റം ഒടിഞ്ഞ് അകത്തിരുന്നു. ആരും ഒന്നും അറിഞ്ഞില്ല, കുത്തിവെച്ച നേര്‍സും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ വയ്യാതായി, ഒരു കുണ്ടിമുഴുവന്‍ നീര് വെച്ച് വീര്‍ത്തു. അവസാനം എല്ലാവരും കൂടി കരഞ്ഞു വിളിച്ചു ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവര്‍ എന്നെ ഒരു മേശപ്പുറത്ത് കിടത്തി കുണ്ടി കീറി സൂചി പുറത്തെടുത്തു, കുണ്ടിയുടെ ഒരംശം പഴുത്തതുകൊണ്ട് മുറിച്ചുകളയേണ്ടി വന്നു. പാവം ഒരുപാട് വേദന സഹിച്ചു എന്നൊക്കെ എല്ലാവരും പറഞ്ഞു. അങ്ങ് പിന്നിലേക്ക്‌ നോക്കുമ്പോ എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സംഭവത്തില്‍ നിന്നാണ്, ഇതിലും പിന്നിലേക്ക്‌ കട്ട്‌ ഓഫ്‌ ആണ്.

ഇടവപ്പാതി തുടങ്ങിക്കഴിഞ്ഞാല്‍ കരുവാറ്റക്കാരുണരും. തൂപ്പ് വെക്കലും, വല വീശും, തോടിനു കുറുകെ വല വലിച്ചുകെട്ടി മീന്‍ പിടിക്കലുമൊക്കെയായി ഉത്സവം പോലെയാണ്. വീശുകാര്‍ പെട്രോ മാക്സും കത്തിച്ചു രാത്രി തോട്ടിറമ്പിലൂടെ വീശി നടക്കും. ഞങ്ങള്‍ കുട്ടികളും വീശുകാര്‍ക്കൊപ്പം നടക്കും. വല വലിച്ചു മീനുകളെ കുട്ടയില്‍ നിറക്കുന്നത് നോക്കി ആവേശത്തോടെ നില്‍ക്കും. തോട്ടിന്‍റെ കരയില്‍ അവിടവിടെയായി വട്ടത്തില്‍ ചെളി പടര്‍ന്നു കിടക്കും. വെള്ളി നിറമുള്ള പരല്‍ മീനുകളാണ് തോട്ടില്‍ കൂടുതലും, പിന്നെ വരാലും മുഷിയും ആരകനുമൊക്കെയുണ്ട്. നട്ടുച്ച സമയങ്ങങ്ങളില്‍ വരാലും പാര്‍പ്പുകളും തോട്ടിന്‍റെ അരുകിലൂടെ നീങ്ങും, കരയില്‍ ഞങ്ങളൊക്കെ അത് കൌതുകത്തോടെ നോക്കി നില്‍ക്കും. (തുടരും...)
Continue Reading...

മൗസ് (കവിത)


ഞാന്‍ നെട്ടോട്ടമോടി തളര്‍ന്നപ്പോള്‍
നീയെനിക്കൊരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിത്തന്നു
എന്‍റെ മനക്കണക്കുകള്‍ പിഴക്കാന്‍ തുടങ്ങിയപ്പോള്‍
നീയെനിക്കൊരു കാല്‍കുലേറ്റര്‍ വാങ്ങിത്തന്നു
ഞാന്‍ വേനല്‍ ചൂടില്‍ വിയര്‍ത്തൊഴുകിയപ്പോള്‍
നീയെന്നെ എ സീ റൂമിലാക്കി പുറത്തുനിന്നു പൂട്ടി
പിന്നെ എന്നോ..
എനിക്ക് ലോകം കാണണമെന്ന് പറഞ്ഞപ്പോള്‍
നീയെനിക്കൊരു കമ്പ്യുട്ടര്‍ വാങ്ങിത്തന്നു
എന്നിട്ട് എന്‍റെ ഏഴു വിരലുകള്‍ മുറിച്ചുകളഞ്ഞു
ശേഷിച്ച മൂന്നു വിരലുകള്‍ക്കടിയില്‍ ഒരു‍ മൗസ് വെച്ചുതന്നിട്ട് പറഞ്ഞു
ഇതാ...ലോകം നിന്‍റെ കൈക്കുള്ളിലാണ്.
Continue Reading...

കഥ തുടരുന്നു...

കുടുംബ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം "കഥ തുടരുന്നു" തീയറ്ററുകളിലെത്തി. ലളിതമായ ഒരു കഥ, തന്റെ സ്ഥിരം ശൈലിയിലാണെങ്കിലും, ഹൃദ്യമായ രീതിയില്‍ സത്യന്‍ അന്തിക്കാട് അവതരിപ്പിച്ചിരിക്കുന്നു. വിദ്യാലക്ഷ്മി (മമത മോഹന്‍ദാസ്‌) എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ ദുരന്തങ്ങളും അവയുണ്ടാക്കുന്ന വഴിത്തിരിവുകളും അമിത നാടകീയതയുടെ കല്ലുകടിയില്ലാതെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതയാത്ര വഴിമുട്ടുന്ന ഒരു സന്ദര്‍ഭത്തില്‍, അവളുടെ മുന്‍പില്‍ പ്രേമന്‍ (ജയറാം) എന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വന്നുപെടുന്നു. പ്രേമന്‍ താമസിക്കുന്ന ചേരിയും ചേരി നിവാസികളും കഥയിലേക്ക്‌ കടന്നു വരുന്നതോടെ വിദ്യാലക്ഷ്മിയുടെ ജീവിതത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍. മറ്റു മലയാള ചിത്രങ്ങളില്‍ നിന്നും വേറിട്ട രീതിയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയാണ് സത്യന്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയുടെ സ്ഥിരം ക്ലൈമാക്സ്‌ സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട ഒരു കഥാന്ത്യമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകന്റെ ചിന്തകളെ ക്ലൈമാക്സിനപ്പുറത്തേക്ക് "കഥ തുടരുന്നു" എന്ന് പറഞ്ഞു കൊണ്ടുപോകുകയാണ് സംവിധായകന്‍.

മാറിവരുന്ന കഥാ സന്ദര്‍ഭങ്ങളില്‍ വിദ്യാലക്ഷ്മിയുടെ ഭാവപ്പകര്‍ച്ചകളെ മിതത്വത്തോടെ അവതരിപ്പിക്കാന്‍ മമത മോഹന്‍ദാസിനു കഴിഞ്ഞു.  കഥാപാത്രങ്ങളെകൊണ്ട് ആനുകാലിക സംഭവങ്ങളോട് പ്രതികരിപ്പിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലി ഈ ചിത്രത്തില്‍ കഥയ്ക്ക് യോജിച്ച രീതിയില്‍ തന്നെ ഒട്ടും കൃത്രിമത്തമില്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഈയിടെ പുറത്തിറങ്ങിയ മറ്റു മലയാള ചിത്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു നല്ല ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.

സംവിധാനം:  സത്യന്‍ അന്തിക്കാട്.   നിര്‍മ്മാണം:  തങ്കച്ചന്‍ ഇമ്മാനുവേല്‍.   സംഗീതം:  ഇളയരാജാ.
Continue Reading...

ഒരു ചെറിയ നന്‍മ...

കേരളം കണികണ്ടുണരുന്ന നന്‍മ പാല്‍പ്പൊടി കലക്കിയ മില്‍മയാണെങ്കില്‍, നഗരവാസികള്‍ ദുശകുനം പോലെ കാണുന്ന ഒന്നാണ് ചീഞ്ഞളിഞ്ഞ മാലിന്യങ്ങളും പേറി ദുര്‍ഗന്ധം പരത്തി കടന്നു പോകുന്ന കോര്‍പ്പറേഷന്‍ വണ്ടികള്‍. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ മാലിന്യ ശേഖരണം നടത്തുന്നത് കുടംബശ്രീയിലെ വനിതകളാണ്. രാവിലെ 6 മണിമുതല്‍ വീടായ വീടെല്ലാം കേറിയിറങ്ങി മാലിന്യങ്ങള്‍ ശേഖരിച്ച് അവയെ ജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്‌ വസ്തുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കോര്‍പ്പറേഷന്‍ വണ്ടിയില്‍ നിറച്ച് ഇവര്‍ തിരികെ വീടെത്തുമ്പോള്‍ ഉച്ച കഴിയും. ഒരു ദിവസത്തിന്റെ സിംഹഭാഗവും മാലിന്യങ്ങളും ദുര്‍ഗന്ധവും നിറഞ്ഞ ഒരു ലോകത്തായിരിക്കുന്നതില്‍ ഇവര്‍ക്ക് തെല്ലും പരിഭവമില്ല.. അറപ്പും വെറുപ്പുമില്ല. ഇത് തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. ഈ വേനല്‍ചൂടിലും പച്ചനിറമുള്ള സാരിയും പച്ച കോട്ടുമാണ് കോര്‍പ്പറേഷന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന യൂണിഫോറം. ഹര്‍ത്താല്‍ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ഇവര്‍ ജോലി ചെയ്യുന്നു. കുടുംബശ്രീയിലെ വനിതാ തൊഴിലാളികള്‍ക്ക് മാസം 5000 രൂപയോളം ശമ്പളമായി നല്‍കുന്നുണ്ട്. ഈ സ്ത്രീകള്‍ അഭിമാനത്തോടെ പറയുന്നു, ഞങ്ങള്‍ സന്തുഷ്ടരാണ്. മാലിന്യങ്ങളുടെ കൂട്ടുകാരികളായതിനാല്‍ പനിയും മറ്റു സാംക്രമിക രോഗങ്ങളുമൊക്കെ ഇവരെ പിന്തുടരാറുണ്ട്. മാസംതോറും ഇവര്‍ക്കുവേണ്ടി കുടംബശ്രീ മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ ക്യാമ്പുകള്‍ സങ്കടിപ്പിക്കുന്നു.

ഇത്തരം തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ വനിതാ കമ്മിഷന്‍ നടത്തിയ പഠനത്തില്‍ താരതമ്യേന താണ ജാതികളില്‍ പെട്ട സ്ത്രീകളാണ് മാലിന്യ ശേഖരണം പോലുള്ള ജോലികള്‍ ചെയുന്നത് എന്നാണ് കണ്ടിട്ടുള്ളത്. കാലമെത്ര മാറിയാലും ചാതുര്‍വര്‍ണ്യത്തിന്റെ രൂപ ഭേദങ്ങള്‍ ഇന്നും എവിടൊക്കെയോ നിലനില്‍ക്കുന്നു. ജാതിയുടെ പേരില്‍ വിദ്യാഭ്യാസ/തൊഴില്‍ മേഘലകളില്‍ എത്രയൊക്കെ സംവരണം വന്നിട്ടുണ്ടെങ്കിലും താഴേക്കിടയിലേക്ക് ഇത് എത്രമാത്രം എത്തപ്പെടുന്നു എന്നത് കടലാസ് പഠനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. ജാതീയമായും സാമ്പത്തികമായും താണ നിലയിലുള്ള ജനങ്ങള്‍ക്കിടയിലേക്കു ശരിയായ രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെയും മറ്റു തൊഴില്‍ പരിശീലനങ്ങളുടെയും പ്രചാരണത്തിന്റെ അഭാവമാവാം ഇതിനു കാരണം.

രാവിലെ വീടുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ ചിലരെങ്കിലും ഇവരെ ഒരു ദുശകുനം പോലെ കണ്ടു നെറ്റി ചുളിക്കുന്നുണ്ടാവാം. തങ്ങളുടെ വീടും പരിസരങ്ങളുമൊക്കെ ദുര്‍ഗന്ധ വിമുക്തമാകുന്നത് ഇവര്‍ മൂലമാണെന്നവര്‍ ചിന്തിക്കുന്നീല്ല.

ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്‌ വസ്തുക്കളും വേര്‍തിരിച്ചു നിക്ഷേപിക്കാന്‍ നഗരസഭ പച്ചയും വെള്ളയും നിറമുള്ള രണ്ടു ബക്കറ്റുകള്‍ വീടുകളില്‍ വിതരണം ചെയ്തിരുന്നു, പക്ഷെ ഈ ബക്കറ്റുകള്‍ കുളിക്കാനുപയോഗിച്ചിട്ടു പോളിത്തീന്‍ ബാഗുകളില്‍ കെട്ടിയാണ് ചീഞ്ഞളിഞ്ഞ ഗാര്‍ഹിക മാലിന്യങ്ങളും പ്ലാസ്റ്റിക്‌ വസ്തുക്കളുമൊക്കെ നമ്മള്‍ ഉപേക്ഷിക്കുന്നത്, കാരണം നമ്മള്‍ പ്രബുദ്ധ മലയാളികളാണ്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ നമ്മള്‍ തന്നെ വേര്‍തിരിച്ചു നല്‍കിയാല്‍, നമ്മുടെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ന്ധം വമിക്കുന്ന മാലിന്യ കൂമ്പാരങ്ങളില്‍ കൈയിട്ടു പരതി വേര്‍തിരിക്കുന്ന പാവം തൊഴിലാളികള്‍ക്ക് അതൊരു വലിയ സഹായമാവും. നമ്മുടെ സ്വന്തം വീട്ടിലെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തുമ്പോള്‍ ഒരു വലിയ നഗരത്തിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനത്തിലേര്‍‍പ്പെട്ടിരിക്കുന്ന പാവം തൊഴിലാളികളെക്കുറിച്ച് നമുക്കോര്‍ക്കാം. വീടുകളില്‍ രണ്ടു കവറുകള്‍ സൂക്ഷിക്കുക, ഒന്നില്‍ ജൈവ മാലിന്യങ്ങളും മറ്റൊന്നില്‍ പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കളും നിക്ഷേപിക്കാം. നമ്മുടെ ചെറിയ ഒരു ശ്രമത്തിലൂടെ ഇവരുടെ ജോലിയുടെ പ്രയാസം അല്പം കുറയ്ക്കാം, ഒരു ചെറിയ നന്‍മ ചെയ്തെന്ന സംതൃപ്തിയോടെ.

Continue Reading...

ശ്രീ കൈ ബനിയന്‍ മഹാത്മ്യം..!



"അമ്മേ ഞാന്‍ നാളെ അമേരിക്കാക്ക് പോകുവാണ്" എന്ന ഡയലോഗ്  പോലെ നടന്‍ സത്യന്‍ അനശ്വരമാക്കിയ ഒന്നാണ് കൈ ബനിയന്‍ അഥവാ ഫുള്‍ ബനിയന്‍.  ഒരുകാലത്ത് സ്നേഹം, വാത്സല്യം, പൗരുഷം എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു തൂ വെള്ള നിറമുള്ള കൈ ബനിയനുകള്‍.  യുവാക്കളും മധ്യവയസ്കരും വൃദ്ധന്‍മാരുമെല്ലാം ഒരുപോലെ ധരിച്ചിരുന്ന  ലാളിത്യമുള്ള  കൈബനിയന്‍ ഇന്ന് വംശനാശ ഭീഷണി നെരിട്ടുകൊണ്ടിരിക്കുകയാണ്.   എല്ലാ കാലത്തും കൈ ബനിയനു പിന്തുണ നല്‍കിയിട്ടുള്ള ഒരാളാണ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വീ എസ് അച്ചുതാനന്തന്‍.  കൈബനിയനും ലുങ്കിയും ധരിച്ച് തോളുകള്‍ പ്രത്യേക താളത്തില്‍ ചലിപ്പിച്ചുള്ള അദ്ധേഹത്തിന്റെ ലുക്ക്‌ ആര്‍ക്കും കൊരിത്തരിപ്പുണ്ടാക്കുന്നതാണ്.



 
നമ്മുടെ സൂപ്പര്‍ സ്റ്റാറുകളും കൈബനിയനു പിന്തുണ നല്‍കിയിട്ടുണ്ട്.  തന്മാത്ര, രസതന്ത്രം, ഭ്രമരം എന്നീ ചിത്രങ്ങളിലൂടെ  മോഹന്‍ലാല്‍ കൈ ബനിയനെ അനശ്വരമാക്കിയപ്പോള്‍ ഗോഡ്മാന്‍, ജാഗ്രത തുടങ്ങി പോലിസ് വേഷങ്ങളിലഭിനയിച്ച എല്ലാ ചിത്രങ്ങളിലും മമ്മൂട്ടി കൈ ബനിയനും   അവസരം  നല്‍കി.


കൈ  ബനിയന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത പിന്തുണയാണ് കേരളത്തിലെ ഹാജിയാരുമാര്‍ സമ്മാനിച്ചിട്ടുള്ളത്.  പച്ച നിറമുള്ള ബെല്‍ടും, നീല ലുങ്കിയും, പിന്നെ ഒരു കൈ ബനിയനും ധരിച്ചാല്‍ ആരെയും ഹാജിയാരാക്കാമെന്ന് മലയാള സിനിമ / നാടക വേദികള്‍ തെളിയിച്ചിട്ടുണ്ട്.  കൈ ബനിയന്റെ നിലനില്പിനെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് വല ബനിയനുകള്‍.  അനശ്വര നടന്‍ ജയന്‍ മുതല്‍ ഇളയ ദളപതി വിജയ്‌ വരെയുള്ളവര്‍ നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള വല ബനിയനുകള്‍ ധരിച്ച് ശക്തി പ്രദര്‍ശനം നടത്തിയത് കൈ ബനിയനെ സ്നേഹിക്കുന്നവര്‍ അങ്കലാപ്പോടെയാണ് കണ്ടത്. 





കൈബനിയന്റെ ഗുണ ഗണങ്ങളെക്കുറിച്ച് ശാസ്ത്ര ലോകം ഒരുപാട് വാഴ്ത്തിയിട്ടുണ്ട്.  ശരീരത്തിലെ വിയര്‍പ്പ് സ്വയം ആഗിരണം ചെയ്തു ചിരങ്ങ്, പരട്ട ചൊറി, ദുര്‍ഗന്ധം എന്നിവയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ത്യാഗിയാണ് കൈബനിയന്‍.  കുടവയര്‍ പോലുള്ള പ്രശങ്ങള്‍ക്ക് ഇറുകിയ കൈ ബനിയന്‍ ഒരുപരിധിവരെ  ഒരു പരിഹാരമാണ്.  വേനല്‍ കാലത്ത് കള്ളുഷാപ്പുകളില്‍ ഷര്‍ട്ട്‌ ഊരിക്കളഞ്ഞു കൈ ബനിയനുമിട്ടിരുന്നു പാട്ടുപാടിയത് പല കുടിയന്‍മാര്‍ക്കും  ഗ്രിഹാതുര സ്മരണയാണ്‌.  നമ്മുടെ സംസകരതിന്റെയും ചരിത്രതിന്റെയുമെല്ലാം ഭാഗമായ ഈ മഹത് വസ്ത്രത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുന്‍കൈയെടുക്കണം.  സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയിലൊരിക്കല്‍ കൈബനിയന്‍ നിര്‍ബന്ധമാക്കുക, കൈബനിയന്‍ വാങ്ങാന്‍ പ്രത്യേക സബ്സീടി ഏര്‍പ്പെടുത്തുക, കൈബനിയന്‍ ധരിക്കുന്നവര്‍ക്ക് നികുതി ഇളവു നല്‍കുക തുടങ്ങിയ നടപടികളിലൂടെ യുവ തലമുറയെ കൈബനിയനിലേക്ക് ആകര്‍ഷിക്കാവുന്നതാണ്.  കൈബനിയന്‍ വാഴ്ക വാഴ്ക.

Continue Reading...
Page 1
 

Blogroll

Blog Archive

Visitor Tracking

Text

Followers

മൂകസാക്ഷി Copyright © 2011 Mookasaskshy is Designed by Suryajith for suryajith