.

ദേ "സിനിമ"....

പട്ടം പറത്തുന്ന കുട്ടി
അദ്ധ്യായം 3

ദാമോദരനാശാന്‍റെ ആശാന്‍പള്ളിയിലാണ് ഞങ്ങളൊക്കെ എഴുത്ത് പഠിച്ചത്. പനയോലയില്‍ നാരയമുനകൊണ്ട് ആശാന്‍ അക്ഷരങ്ങളെഴുതിത്തരും. ആശാന്‍ പള്ളിയിലെ തറയില്‍ വെള്ള മണ്ണിലെഴുതിയാണ് അക്ഷരം പഠിക്കുന്നത്. ഒരു ചെറിയ തടുക്കുമായാണ് കുട്ടികള്‍ രാവിലെ ആശാന്‍പള്ളീല്‍ പോന്നത്. അതിലിരുന്നാണ് പഠനം. എനിക്ക് ഞങ്ങടെ വല്യമ്മ തഴ മെടഞ്ഞ് ഒരു ചെറിയ പായുണ്ടാക്കി തന്നിട്ടുണ്ടായിരുന്നു.

കുന്നുവറേല്‍ സ്കൂള്‍ എന്ന് പറയുന്ന SNDP LP സ്കൂളിലാണ് ഞങ്ങളൊക്കെ പഠിച്ചത്. ക്ലാസുമുറികള്‍ കുറവായതുകൊണ്ട് ഒന്നാം ക്ലാസുകാര്‍ക്ക് ഉച്ചവരെയേ ക്ലസുള്ളൂ, ഉച്ചകഴിഞ്ഞാല്‍ രണ്ടാം ക്ലാസ്സുകാര്‍ക്ക്‌ തുടങ്ങും. രണ്ടില്‍ പഠിക്കുമ്പോ ഒരു അലുമിനിയ പെട്ടിയിലാണ് ഞാന്‍ പുസ്തകങ്ങള്‍ കൊണ്ട്പോയിരുന്നത്. ഒരിക്കല്‍ ആശാന്‍റെ കൊച്ചുമോന്‍ അഭിലാഷ് എന്‍റെ പെട്ടിയുടെ മുകളില്‍ കയറിനിന്നു ചാടി, പെട്ടി മുഴുവന്‍ മടങ്ങി ചുളുങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു.

കുന്നുവറേല്‍ സ്കൂളിന്‍റെ ഹെഡ് മാസ്റ്റര്‍ വാസവന്‍ സാറായിരുന്നു, ഒരു കൊമ്പന്‍ മീശക്കാരന്‍ തടിയന്‍. പുള്ളിയെ എല്ലാവര്‍ക്കും പേടിയായിരുന്നു. നാലാം ക്ലാസിലാണ് പുള്ളി പഠിപ്പിക്കുന്നത്‌. ഒരിക്കല്‍ പുള്ളി ഞങ്ങടെ വീട്ടില്‍ ചാണകമെടുക്കാന്‍ ഒരു ഉന്ത് വണ്ടിയുമായി വന്നു. കുട്ടക്കണക്കാണ് ചാണകത്തിന്. ഓരോ കുട്ടച്ചാണകവും വണ്ടിയിലേക്ക് നിറക്കുമ്പോള്‍ എണ്ണം തെറ്റാതിരിക്കാന്‍ അവിടെ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഓലക്കാലില്‍ ഒരു മടക്കുണ്ടാക്കും. ഒരിക്കല്‍ എന്നെക്കൊണ്ടാണ് അതെണ്ണിച്ചത്. എണ്ണം ശരിയായിരുന്നു. എന്നെ അടുത്ത വര്‍ഷം പുള്ളീടെ ക്ലാസിലോട്ടെടുക്കാമെന്നു പറഞ്ഞു. അന്ന് ഞാന്‍ ഒരുപാട് പേടിച്ചു. ഞായറാഴ്ചകളില്‍ ഞങ്ങള്‍ പുള്ളീടെ വീട്ടില്‍ ടി വി യില്‍ സിനിമ കാണാന്‍ പോകും, ഇടക്ക് വാര്‍ത്തവരുമ്പോള്‍ കുട്ടികളെല്ലാം പുറത്തിറങ്ങിപോകും, ഇത് കാണുമ്പോ പുള്ളി വഴക്ക് പറയും. സിനിമ കാണാന്‍ വരുന്നവരെല്ലാം വാര്‍ത്തയും കാണണമെന്ന് പുള്ളിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പഠിപ്പിക്കുന്നതിനിടയില്‍ പുള്ളി ഇടയ്ക്കു ക്ലാസിന്‍റെ വാതില്‍ക്കല്‍ പോയി നില്‍ക്കും, വെയിലടിക്കുംപോ പോളിയെസ്റെര്‍ മുണ്ടിനിടയിലൂടെ പുള്ളീടെ നിക്കര്‍ കാണും. ദേ "സിനിമ" എന്ന് ഞങ്ങള്‍ അടക്കി പറഞ്ഞു ചിരിക്കും.  (തുടരും)
Continue Reading...

പട്ടം പറത്തുന്ന കുട്ടി...

അദ്ധ്യായം 2

മറുതാത്തീയും ചായക്കടയും

കഥകളുടെ കേദാരമാണ് കരുവാറ്റ. മാടനടിയും മറുതാ തീയും പട്ടാളക്കഥകളും സദ്ദാം ഹുസൈനുമൊക്കെ കരുവാറ്റയുടെ നാട്ടു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. നാട്ടിലെ വല്യമ്മമാരോക്കെ അന്തവിശ്വാസങ്ങളുടെ കൂട്ടുകാരികളായിരുന്നു. മാടന്‍റെ അടിയേറ്റു മരിച്ചവരെപ്പറ്റിയും പാതിരാത്രിയില്‍ അങ്ങകലെ ഓടി മായുന്ന മറുതാ തീയെപ്പറ്റിയുമൊക്കെ അവര്‍ ഒരു പാട് കഥകള്‍ പറഞ്ഞു. ഞങ്ങടെ വീടിന്‍റെ പടിഞ്ഞാറു ഭാഗത്ത്‌ ഒരു കുര്യാലയുണ്ടായിരുന്നു, ഒരു ചെറിയ പാല, അവിടെ ദിവസവും വിളക്ക് കത്തിക്കലും പൂജകളുമൊക്കെ ഉണ്ടായിരുന്നു. കര്‍ക്കിടകവാവിനു വെള്ളംകുടി വെക്കലും കോഴിക്കുരിതിയും ഭജനയുമൊക്കെ അവിടെ പതിവായിരുന്നു. അവിടെ ഇടയ്ക്കു ഒരു പുള്ളുവനും പുള്ളുവത്തിയും പാടാന്‍ വരും. നാട്ടുകാരൊക്കെ പേരും നാളും പറഞ്ഞു നാഗ ദോഷങ്ങള്‍ മാറാന്‍ പുള്ളോന്‍ പാട്ട് നടത്തിക്കും. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ വളരെ വലിയ ഒരു ആല്‍ മരമുണ്ടയിരുന്നത്രേ, തൊട്ടടുത്ത് ഒരു മാവും. അവിടുത്തെ കാരണവര്‍ ഒരിക്കല്‍ ആ മാവ് വെട്ടി, മാവ് വീണവഴിയില്‍ ആല്‍ മരവും ഒടിഞ്ഞു വീണു. ആല്‍മരമൊടിഞ്ഞു വീണപ്പോള്‍ കരുവാറ്റമുഴുവന്‍ കേള്‍ക്കുന്നത്ര ഒച്ചത്തില്‍ ഒരലര്‍ച്ച കേട്ടു. ആ കാരണവര്‍ പിന്നീട് തളര്‍ന്നു വീണു മരിച്ചു. അവരുടെ തറവാട് മുടിഞ്ഞു. പുള്ളീടെ ഒരേ ഒരു മകന്‍ തൂങ്ങി മരിച്ചു, ഒരു മകള്‍ക്ക് ഭ്രാന്ത് പിടിച്ചു, ഞങ്ങളൊക്കെ ഓമന അക്ക എന്നാണു അവരെ വിളിച്ചിരുന്നത്. ഇപ്പോള്‍ അവിടെ അവരുടെ വീടൊന്നുമില്ല. ആ പാലച്ചുവട്ടില്‍ ഇന്നൊരു അമ്പലമുണ്ട്, കരിയില്‍ ദേവീ ക്ഷേത്രം. ഭദ്രകാളിയാണ് പ്രതിഷ്ട. വളരെ ശക്തിയുള്ള ദേവിയാണ്. കുംഭ ഭരണി സമയത്ത് പത്തു ദിവസത്തെ ഉത്സവമൊക്കെയുണ്ട്. കരുവാറ്റക്കാരോക്കെ ആ സമയത്ത് അവിടെ ഒത്തുകൂടും. അമ്പലത്തില്‍ ഒരു സ്ഥിരം വെളിച്ചപ്പാടുണ്ട്, ശിവാനന്ദന്‍. മുറുക്കി ചുവപ്പിച്ചു കാവിയൊക്കെ ഉടുത്തു നടക്കുന്ന പുള്ളിയെ കുട്ടികള്‍ക്കൊ പേടിയായിരുന്നു.

കരുവാറ്റയെ പറ്റി പറയുമ്പോ ഉമാനന്തനണ്ണന്‍റെ ചായക്കടയെപറ്റി പറയണം. പുള്ളീടെ ചൂട് ചായ ഒരു കാലത്ത് കരുവാറ്റയുടെ പുലരികള്‍ക്ക് ഹരമായിരുന്നു. സിനിമകളിലൊക്കെ കാണുന്നപോലെ പുക പറക്കുന്ന സവാമാറും കണ്ണാടി അലമാരയിലെ തൂവെള്ള നിറമുള്ള പുട്ടും കടലക്കറിയും തൂങ്ങിക്കിടക്കുന്ന പഴക്കുലയുമൊക്കെ ഉണ്ടായിരുന്നു. ഒരു പ്രത്യേക താളത്തില്‍ ചായ ഉയര്‍ത്തി അടിച്ചുകൊണ്ട് പുള്ളി കരുവാറ്റക്കാരോട് ഒരുപാട് കഥകള്‍ പറഞ്ഞു. രാഷ്ട്രീയവും, ഉത്സവങ്ങളും, നാടുവിട്ടു പോകുന്ന ചെറുപ്പക്കാരുമൊക്കെ പുള്ളീടെ ചായക്കടക്കഥകളില്‍ നിറഞ്ഞു നിന്നു. കുട്ടനാടന്‍ കായലുകളില്‍ കൊയ്ത്തു തുടങ്ങിക്കഴിഞ്ഞാല്‍ പുള്ളി അങ്ങോട്ട്‌ പോകും. ഒരു വള്ളം നിറയെ സാധനങ്ങളുമായി കായലുകളിലോടെ തുഴഞ്ഞു നീങ്ങും. കൊയ്ത്തു കാലം കഴിഞ്ഞു തിരിച്ചെത്തിയാല്‍, പുതിയ വിശേഷങ്ങളുമായി ചായക്കട വീണ്ടും സജീവമാകും.

ഇന്നും പുള്ളിക്ക് ചായക്കടയുണ്ട് , പക്ഷെ പഴയ പ്രതാപമൊന്നുമില്ല. ഇപ്പൊ ദിവസവും രാവിലെ പുള്ളി പത്തു ചായ അടിക്കും, രണ്ടെണ്ണം പുള്ളി കുടിക്കും, ബാക്കി വില്‍ക്കും, ഒരു മണിക്കൂര്‍ കച്ചവടം കഴിഞ്ഞ് അടുപ്പില്‍ വെള്ളമൊഴിച്ച് പുള്ളി വേറെ പണിക്കു പോകും..
(തുടരും)
Continue Reading...

പട്ടം പറത്തുന്ന കുട്ടി...

അദ്ധ്യായം 1


ഓര്‍മ്മകള്‍

ചെറുപ്പത്തില്‍ എന്‍റെ കുണ്ടിയില്‍ ഒരു സൂചി കേറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ അമ്മ എന്നെ ഇന്‍ജക്ഷന്‍ എടുപ്പിക്കാന്‍ നാട്ടിലെ ഒരു ഹെല്‍ത്ത്‌ സെന്‍റെറില്‍ കൊണ്ടുപോയി. മസില് പിടിച്ചു കരയുന്നതിനിടയില്‍ എങ്ങനെയോ കുത്തിവെച്ചിരുന്ന സൂചിയുടെ അറ്റം ഒടിഞ്ഞ് അകത്തിരുന്നു. ആരും ഒന്നും അറിഞ്ഞില്ല, കുത്തിവെച്ച നേര്‍സും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ വയ്യാതായി, ഒരു കുണ്ടിമുഴുവന്‍ നീര് വെച്ച് വീര്‍ത്തു. അവസാനം എല്ലാവരും കൂടി കരഞ്ഞു വിളിച്ചു ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവര്‍ എന്നെ ഒരു മേശപ്പുറത്ത് കിടത്തി കുണ്ടി കീറി സൂചി പുറത്തെടുത്തു, കുണ്ടിയുടെ ഒരംശം പഴുത്തതുകൊണ്ട് മുറിച്ചുകളയേണ്ടി വന്നു. പാവം ഒരുപാട് വേദന സഹിച്ചു എന്നൊക്കെ എല്ലാവരും പറഞ്ഞു. അങ്ങ് പിന്നിലേക്ക്‌ നോക്കുമ്പോ എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സംഭവത്തില്‍ നിന്നാണ്, ഇതിലും പിന്നിലേക്ക്‌ കട്ട്‌ ഓഫ്‌ ആണ്.

ഇടവപ്പാതി തുടങ്ങിക്കഴിഞ്ഞാല്‍ കരുവാറ്റക്കാരുണരും. തൂപ്പ് വെക്കലും, വല വീശും, തോടിനു കുറുകെ വല വലിച്ചുകെട്ടി മീന്‍ പിടിക്കലുമൊക്കെയായി ഉത്സവം പോലെയാണ്. വീശുകാര്‍ പെട്രോ മാക്സും കത്തിച്ചു രാത്രി തോട്ടിറമ്പിലൂടെ വീശി നടക്കും. ഞങ്ങള്‍ കുട്ടികളും വീശുകാര്‍ക്കൊപ്പം നടക്കും. വല വലിച്ചു മീനുകളെ കുട്ടയില്‍ നിറക്കുന്നത് നോക്കി ആവേശത്തോടെ നില്‍ക്കും. തോട്ടിന്‍റെ കരയില്‍ അവിടവിടെയായി വട്ടത്തില്‍ ചെളി പടര്‍ന്നു കിടക്കും. വെള്ളി നിറമുള്ള പരല്‍ മീനുകളാണ് തോട്ടില്‍ കൂടുതലും, പിന്നെ വരാലും മുഷിയും ആരകനുമൊക്കെയുണ്ട്. നട്ടുച്ച സമയങ്ങങ്ങളില്‍ വരാലും പാര്‍പ്പുകളും തോട്ടിന്‍റെ അരുകിലൂടെ നീങ്ങും, കരയില്‍ ഞങ്ങളൊക്കെ അത് കൌതുകത്തോടെ നോക്കി നില്‍ക്കും. (തുടരും...)
Continue Reading...

മൗസ് (കവിത)


ഞാന്‍ നെട്ടോട്ടമോടി തളര്‍ന്നപ്പോള്‍
നീയെനിക്കൊരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിത്തന്നു
എന്‍റെ മനക്കണക്കുകള്‍ പിഴക്കാന്‍ തുടങ്ങിയപ്പോള്‍
നീയെനിക്കൊരു കാല്‍കുലേറ്റര്‍ വാങ്ങിത്തന്നു
ഞാന്‍ വേനല്‍ ചൂടില്‍ വിയര്‍ത്തൊഴുകിയപ്പോള്‍
നീയെന്നെ എ സീ റൂമിലാക്കി പുറത്തുനിന്നു പൂട്ടി
പിന്നെ എന്നോ..
എനിക്ക് ലോകം കാണണമെന്ന് പറഞ്ഞപ്പോള്‍
നീയെനിക്കൊരു കമ്പ്യുട്ടര്‍ വാങ്ങിത്തന്നു
എന്നിട്ട് എന്‍റെ ഏഴു വിരലുകള്‍ മുറിച്ചുകളഞ്ഞു
ശേഷിച്ച മൂന്നു വിരലുകള്‍ക്കടിയില്‍ ഒരു‍ മൗസ് വെച്ചുതന്നിട്ട് പറഞ്ഞു
ഇതാ...ലോകം നിന്‍റെ കൈക്കുള്ളിലാണ്.
Continue Reading...

കഥ തുടരുന്നു...

കുടുംബ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം "കഥ തുടരുന്നു" തീയറ്ററുകളിലെത്തി. ലളിതമായ ഒരു കഥ, തന്റെ സ്ഥിരം ശൈലിയിലാണെങ്കിലും, ഹൃദ്യമായ രീതിയില്‍ സത്യന്‍ അന്തിക്കാട് അവതരിപ്പിച്ചിരിക്കുന്നു. വിദ്യാലക്ഷ്മി (മമത മോഹന്‍ദാസ്‌) എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ ദുരന്തങ്ങളും അവയുണ്ടാക്കുന്ന വഴിത്തിരിവുകളും അമിത നാടകീയതയുടെ കല്ലുകടിയില്ലാതെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതയാത്ര വഴിമുട്ടുന്ന ഒരു സന്ദര്‍ഭത്തില്‍, അവളുടെ മുന്‍പില്‍ പ്രേമന്‍ (ജയറാം) എന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വന്നുപെടുന്നു. പ്രേമന്‍ താമസിക്കുന്ന ചേരിയും ചേരി നിവാസികളും കഥയിലേക്ക്‌ കടന്നു വരുന്നതോടെ വിദ്യാലക്ഷ്മിയുടെ ജീവിതത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍. മറ്റു മലയാള ചിത്രങ്ങളില്‍ നിന്നും വേറിട്ട രീതിയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയാണ് സത്യന്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയുടെ സ്ഥിരം ക്ലൈമാക്സ്‌ സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട ഒരു കഥാന്ത്യമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകന്റെ ചിന്തകളെ ക്ലൈമാക്സിനപ്പുറത്തേക്ക് "കഥ തുടരുന്നു" എന്ന് പറഞ്ഞു കൊണ്ടുപോകുകയാണ് സംവിധായകന്‍.

മാറിവരുന്ന കഥാ സന്ദര്‍ഭങ്ങളില്‍ വിദ്യാലക്ഷ്മിയുടെ ഭാവപ്പകര്‍ച്ചകളെ മിതത്വത്തോടെ അവതരിപ്പിക്കാന്‍ മമത മോഹന്‍ദാസിനു കഴിഞ്ഞു.  കഥാപാത്രങ്ങളെകൊണ്ട് ആനുകാലിക സംഭവങ്ങളോട് പ്രതികരിപ്പിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലി ഈ ചിത്രത്തില്‍ കഥയ്ക്ക് യോജിച്ച രീതിയില്‍ തന്നെ ഒട്ടും കൃത്രിമത്തമില്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഈയിടെ പുറത്തിറങ്ങിയ മറ്റു മലയാള ചിത്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു നല്ല ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.

സംവിധാനം:  സത്യന്‍ അന്തിക്കാട്.   നിര്‍മ്മാണം:  തങ്കച്ചന്‍ ഇമ്മാനുവേല്‍.   സംഗീതം:  ഇളയരാജാ.
Continue Reading...
Page 1
 

Blogroll

Blog Archive

Visitor Tracking

Text

Followers

മൂകസാക്ഷി Copyright © 2011 Mookasaskshy is Designed by Suryajith for suryajith